കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംവാദത്തിന് തയാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്‍റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.
നിയമസഭയിൽ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് അറിയാം. എന്നാൽ എന്താണ് സഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്‍റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ ശബ്ദം ഉയര്‍ത്തിയോ? ഇക്കാര്യങ്ങള്‍ക്ക് എല്ലാം മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



