ചാവക്കാട് (തൃശൂർ): എടക്കഴിയൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിനെയാണ് (43) എസ്എച്ച്ഒ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. രണ്ട് മാസം മുൻപായിരുന്നു വീട്ടിലെ പ്രസവം. ആറാം നാൾ കുട്ടി മരിച്ചു; അസുഖബാധിതയായ അമ്മ മുഹസിന (37) കഴിഞ്ഞദിവസവും. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫിസറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.ഗീത ആവശ്യപ്പെട്ടു.
പ്രസവത്തിനു ശേഷം ഉണ്ടായ അണുബാധ മൂലം മാസങ്ങളായി യുവതി ദുരിതം അനുഭവിച്ചുവരികയായിരുന്നു. ശരീരത്തിന് പുറത്ത് വലിയ കുരു ഉണ്ടായിരുന്നതിനാൽ തിരിഞ്ഞുകിടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏഴു തവണ പ്രസവിച്ച യുവതിയുടെ രണ്ട് കുട്ടികൾ നേരത്തേ മരിച്ചിരുന്നു. ജനുവരി 10ന് കുട്ടി മരിച്ച സംഭവത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച് പൊതുപ്രവർത്തകൻ പുതുപൊന്നാനി പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പൊലീസിനെ സമീപിച്ചിരുന്നു. ഗർഭകാലത്തോ പ്രസവ സമയത്തോ അതിനുശേഷമോ അമ്മയ്ക്കും കുഞ്ഞിനും വൈദ്യസഹായം ലഭ്യമാക്കിയിരുന്നില്ല. സംഭവത്തിൽ പ്രതി ഇബ്രാഹിമിനെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.



