കോട്ടയം: എഫ്സിആർഎ വിഷയം ചൂടേറിയ ചർച്ചയായിരിക്കുന്നതിനിടയിൽ സാധാരണക്കാരെ ഇത് എങ്ങനെ ബാധിക്കുമെന്ന കുറിപ്പ് വൈറലാകുന്നു. ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജയിംസ് കൊക്കാവയലിൽ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ:
എഫ്സിആർഎയുമായി ബന്ധപ്പെട്ട് എന്നെ ഏറ്റവും അധികം വേദനിപ്പിച്ച ഒരു പോസ്റ്റ് ഒരു സംഘടന ഇറക്കിയതാണ്. “FCRA നിയമഭേദഗതി സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല” എന്നതാണ് അതിലെ വാചകം. ആരാണ് സാധാരണ ക്രിസ്ത്യാനി? ആരാണ് അസാധാരണ ക്രിസ്ത്യാനി? സഭയിൽ വിഭാഗീയത ഉണ്ടാക്കാനായി ബോധപൂർവം നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണ് ഇത്. ക്രിസ്ത്യാനികളെ മാത്രമല്ല മറ്റു മതങ്ങളിലെ ആയിരക്കണക്കിനു സാധാരണക്കാരെക്കൂടി ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നതാണ് യാഥാർഥ്യം.
എന്തായിരുന്നു ലക്ഷ്യം?
വിദേശസഹായങ്ങൾ കേരളസഭ/ഭാരതസഭ സ്വീകരിക്കാൻ ആരംഭിച്ചതിന്‍റെ പ്രധാനലക്ഷ്യം തന്നെ ദാരിദ്ര്യനിർമാർജനമായിരുന്നു. വിദേശസഹായത്തോടെ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും സഭ ധാരാളമായി വിതരണം ചെയ്യുകയും ഈ നാട്ടിൽനിന്നു പട്ടിണിയെ പടിയകറ്റുകയും ചെയ്തിരുന്നു. ഇതു സാധാരണകാരുടെയും പാവങ്ങളുടെയും ഇടയിലുള്ള പ്രവർത്തനമല്ലായിരുന്നോ?
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉൾനാടൻ പ്രദേശങ്ങളിലെ സാധാരണക്കാർക്കുവേണ്ടി ആരംഭിച്ചവയാണ്. ഇവയ്ക്കു തുടക്കത്തിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ വഴിയായി ആ നാടും വളർന്നു സ്ഥാപനങ്ങളും വളർന്നു. ഇന്നും അവയിൽ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നതും അവയുടെ സേവനങ്ങൾ സ്വീകരിക്കുന്നതും സാധാരണക്കാരല്ലേ?
ഭാരതകത്തോലിക്കാ സഭയ്ക്ക് 5000ൽ പരം കാരുണ്യ ഭവനങ്ങൾ ഉണ്ട്. അനാഥരെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും മാനസികപ്രശ്നങ്ങൾ ഉള്ളവരെയും മറ്റും സംരക്ഷിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കു വിദേശസഹായം ലഭിക്കുന്നുണ്ട്. ഇവയുടെ സേവനം സ്വീകരിക്കുന്ന അശരണരായ വ്യക്തികളെ സാധാരണക്കാരുടെ കൂട്ടത്തിൽ കൂട്ടിയിട്ടുണ്ടോ?
കുടിൽ വ്യവസായങ്ങൾ
എല്ലാ രൂപതകൾക്കും സോഷ്യൽ സർവീസ് സൊസൈറ്റികൾ ഉണ്ട്. ഇവ വഴി സാധാരണക്കാർക്ക് എത്രമാത്രം സഹായങ്ങൾ ലഭിക്കുന്നുണ്ട് എന്നത് എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസകരമാണ്. ധാരാളം കൂടിൽ വ്യവസായങ്ങൾ തുടങ്ങി സാധാരണ വീട്ടമ്മമാർക്കും മറ്റും ജോലി കൊടുക്കാനും സ്വയം തൊഴിൽ നൽകാനും ഇവയ്ക്കു സാധിക്കുന്നു. ചങ്ങനാശേരി അതിരൂപതയിൽ വിദേശ സഹായത്തോടെ ഒരു ടിഷ്യു പേപ്പർ യൂണിറ്റ് ആരംഭിച്ചത് ഈ മാർച്ച് മാസത്തിലാണ്. ഇതുപോലെ നൂറുകണക്കിനു പ്രസ്ഥാനങ്ങൾ സാധാരണക്കാർക്കു തൊഴിൽ നൽകുന്നു. ലഹരി വിരുദ്ധ ഡി – അഡിക്ഷൻ സെന്‍ററുകളിലും വിദേശസഹായം ലഭിക്കുന്നുണ്ട്.
നിത്യജീവിതത്തിൽ
വിദേശസഹായത്തിന്‍റെ വലിപ്പം കണ്ട് കണ്ണുമിഴിച്ചു പോയത് 2018 ലെ പ്രളയകാലത്താണ്. Goonj എന്ന ഒരു എൻജിഒ കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാൻ മുന്നോട്ടുവന്നു. ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ അവർക്ക് പ്രവർത്തന സൗകര്യം കൊടുത്തു. അവർ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രം, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങിയവ ഇറക്കിവച്ചത് ഞാൻ താമസിക്കുന്ന കെട്ടിടത്തിന്‍റെ മുമ്പിലുള്ള മുറ്റത്തായിരുന്നു.
ഏതാണ്ട് പതിനായിരം സ്വയർഫീറ്റ് സ്ഥലത്തു രണ്ടുനില കെട്ടിടത്തിന്‍റെ വലിപ്പത്തിലായിരുന്നു സാധങ്ങൾ അടുക്കിയിരുന്നത്. ഇത് എന്നു വിതരണം ചെയ്തു തീരുമെന്ന് അതിശയിച്ചിട്ടുണ്ട്. തീരുന്തോറും വീണ്ടും വന്നു കൊണ്ടിരുന്നു. കുട്ടനാട്ടിൽ ധാരാളം കുടിവെള്ള പ്ലാന്‍റുകൾ നിർമിക്കാനും വീടുകൾ വയ്ക്കാനും ഒക്കെ ഈ കാലയളവിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടിൽനിന്നു ധാരാളം സഹായങ്ങൾ ഇപ്രകാരം ലഭിച്ചിട്ടുണ്ട്. ഇവയൊക്കെ സാധാരണക്കാരുടെ അനുദിന ജീവിതത്തിനു ലഭിച്ചിട്ടുള്ള സഹായങ്ങളാണ്.
നേരിട്ടു സഹായം
വിദേശസഹായത്തോടെ പ്രവർത്തിച്ചു സാധാരണക്കാർക്കും പാവങ്ങൾക്കു നേരിട്ട് ധനസഹായം നൽകുന്ന ഏതാനും പ്രോജക്ടുകളെക്കുറിച്ചു കൂടി പറയാം. Save a Family Plan എന്ന കനേഡിയൻ പ്രോജക്ട് വഴി കേരളത്തിലെ അതിദരിദ്രരായ പതിനായിരക്കണക്കിനു കുടുംബങ്ങൾക്കു ധനസഹായം നൽകിവരുന്നു.
ചങ്ങനാശേരി അതിരൂപതയിലെ ഒരു വൈദികൻ താൻ ജർമനിയിൽ ശുശ്രൂഷ ചെയ്ത കാലയളവിലെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ചങ്ങനാശേരി അതിരൂപതയിലെ അതിദരിദ്രരായ നൂറ് കുടംബങ്ങൾക്കു വർഷം 20000 (ഇരുപതിനായിരം) രൂപ വീതം നൽകുന്ന ഇരുപതു ലക്ഷം രൂപയുടെ വാർഷിക ബഡ്ജറ്റ് ഉള്ള ഡെയ്‌ലി ബ്രഡ് എന്ന പദ്ധതി നടപ്പാക്കിവരുന്നു.
ഫാ. സെബാസ്റ്റ്യൻ കുന്നത്ത് എന്ന വൈദികനും തന്‍റഫെ വിദേശശുശ്രൂഷയുടെ സമ്പാദ്യമുപയോഗിച്ചു പാവപ്പെട്ട കുട്ടികൾക്കു വിദ്യാഭ്യാസസഹായം നൽകിവരുന്നു. ഇവയൊക്കെ സാധാരണക്കാർക്കും പാവപ്പെടവർക്കും നേരിട്ടു സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളാണ്.
ഇതുപേലെ നൂറുകണക്കിനു പദ്ധതികൾ വിവിധ രൂപതകളിൽ നടപ്പാക്കിവരുന്നു. അവയെല്ലാം പൂർണമായും എഴുതിത്തീർക്കാൻ സാധിക്കുകയില്ല. എത്ര ചെയ്താലും ആവശ്യക്കാർ ഇനിയും ബാക്കിയാണെന്നതും ലഭിച്ചവർ പലരും തൃപ്തരല്ല എന്നതുമാണ് യാഥാർഥ്യം. എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നറിഞ്ഞുകൊണ്ടും അസംതൃപ്തരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുമാണ് ഈ സേവനം.
ഇത്തരം സേവനങ്ങൾക്കു പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, ഇവയൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല, സാധാരണക്കാർക്ക് ഇവകൊണ്ട് ഒരു പ്രയോജനവുമില്ല എന്നൊക്കെയുള്ള വാദഗതികൾ ഉയർത്തിക്കൊണ്ട് നിസംഗരായി നിൽക്കുന്നതും വിമർശിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തേണ്ടതില്ല എന്നു ചിന്തിക്കുന്നതും ഈ സാധാരണക്കാരോടു ചെയ്യുന്ന ക്രൂരത കൂടിയാണ്.
വിദേശികളുടെ ഫണ്ട് മാത്രമല്ല
എഫ്സിആർഎ വഴി വിദേശ ഏജൻസികളുടെ ഫണ്ട് മാത്രമാണ് വരുന്നതെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ അങ്ങനെയല്ല. വിദേശത്തു ജോലി ചെയ്യുന്ന വൈദികരുടെയും സന്യസ്തരടെയും വരുമാനം രൂപതകൾക്കും സന്യാസസമൂഹങ്ങൾക്കും ലഭിക്കുന്നത് എഫ്സിആർഎ വഴിയാണ്. കൂടാതെ വിദേശത്തു ജോലി ചെയ്യുന്ന അല്മായർക്കും ഇടവകയെയോ രൂപതയെയോ ഏതെങ്കിലും പ്രവർത്തനങ്ങളെ അവിടെനിന്നു സഹായിക്കണമെങ്കിൽ ഈ അക്കൗണ്ട് വഴി മാത്രമാണ് പണം അയയ്ക്കാൻ സാധിക്കുന്നത്.
ഇപ്രകാരമുള്ള വസ്തുതകൾ മനസ്സിലാക്കാതെ എഫ്സിആർഎയ്ക്ക് സാധാരണക്കാരുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ്. സഭയ്ക്ക് സ്ഥപനങ്ങളുണ്ട്. അവ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാനുള്ള ഉപകരണങ്ങളാണ്. അവകൊണ്ട് ഒത്തിരി സാധാരണക്കാർ ജീവിച്ചു പോകുന്നുണ്ട്. സഭാംഗങ്ങൾ മാത്രമല്ല, മറ്റു മതവിഭാഗങ്ങളിലുള്ളവരും അവകൊണ്ട് ജീവിക്കുന്നുണ്ട്. അവരെ പ്രതിസന്ധിയിലാഴ്ത്തരുത്.



