അബുദാബി: ചെങ്കടലിൽ ബ്രിട്ടൻ ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. 22 പേരെ യുഎഇ രക്ഷപ്പെടുത്തി. എഡി പോർട്ട്സ് ഗ്രൂപ്പിന് കീഴിലുള്ള കപ്പലിൽ നിന്നാണ് 22 ജീവനക്കാരെ യു.എ.ഇ രക്ഷപ്പെടുത്തിയത്.
വാണിജ്യ കപ്പലിൽ നിന്ന് അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തെ തുടർന്ന് ജീവനക്കാർ കപ്പൽ കടലിൽ ഉപേക്ഷിക്കുകയായിരുന്നു. കപ്പലിലെ മുഴുവൻ ജീവനക്കാരേയും വിജയകരമായി രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ് അടക്കമുള്ള നാവിക സംവിധാനങ്ങളുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. യെമനിലെ ഹൂതി വിമതരാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം. യെമന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ് ആക്രമണം. മേഖലയിൽ കപ്പലുകൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും ആഫ്രിക്കൻ ഗ്രൂപ്പുകളുടെ കടൽക്കൊള്ളയും ഉൾപ്പെടെ ചെങ്കടൽ മേഖല നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. യെമനിലെ ഹൂതി വിമത സംഘം ചെങ്കടലിൽ വീണ്ടും ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് കപ്പലിന് നേരെയുള്ള ആക്രമണം.