ഗാസയിലെ കാൻസർ ബാധിതരായ കുട്ടികളെ ഒലിവ് പർവതത്തിലെ അഗസ്റ്റ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുന്നതിന് അനുമതി നൽകണമെന്ന് ജറുസലേമിലെ പാത്രിയർക്കീസും സഭാ മേധാവികളും ഇസ്രായേൽ അധികൃതരോട് ആവശ്യപ്പെട്ടു. അവിടെ അവർക്ക് പ്രത്യേക ചികിത്സ ലഭിക്കും.
ഡിസംബർ 17 ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, അഗസ്റ്റ വിക്ടോറിയ ആശുപത്രിയിലേക്കുള്ള യാത്രാ ചിലവുകൾ മാത്രമല്ല, ചെറുപ്പക്കാരും ദുർബലരുമായ ഈ രോഗികളുടെ പൂർണ്ണ പരിചരണവും ചികിത്സയും ക്രമീകരിക്കാൻ തയ്യാറാണ് എന്ന് ക്രൈസ്തവ നേതാക്കൾ വിശദീകരിച്ചു. തെറാപ്പി പൂർത്തിയായിക്കഴിഞ്ഞാൽ, അവരെ ഗാസയിലെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകും.
ഗാസയിൽ നിലവിൽ രക്താർബുദ ചികിത്സ ലഭ്യമല്ലാത്തതിനാലാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. എല്ലാ ചെലവുകളും ആശുപത്രി വഹിക്കുന്നതിനാൽ, ഈ വൈദ്യ പരിചരണം ഇസ്രായേൽ സർക്കാരിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് പാത്രിയർക്കീസും സഭാ മേധാവികളും കൂട്ടിച്ചേർത്തു.
ഏതൊരു ഗുരുതരമായ രോഗത്തെയും പോലെ, ഈ രോഗത്തിനും ഉടനടി ചികിത്സ അത്യാവശ്യമാണ്. അതിനാൽ, അഗസ്റ്റ വിക്ടോറിയ ആശുപത്രി വാഗ്ദാനം ചെയ്യുന്ന പ്രത്യേക വൈദ്യസഹായം ഈ കുട്ടികൾക്ക് ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അനുവദിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.



