സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധവാതിൽ ഔദ്യോഗികമായി അടച്ച് മുദ്രവച്ചു. ഇതോടെ, പ്രത്യാശയുടെ ജൂബിലിവർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ പൂർത്തിയായി. ​ജനുവരി ആറിന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധവാതിൽ അടച്ചിരുന്നു. ഇതിനു പിന്നാലെ ജനുവരി 16 ന് വൈകുന്നേരം നടന്ന സവിശേഷമായ ചടങ്ങിലൂടെയാണ് വിശുദ്ധവാതിൽ പൂർണ്ണമായും മുദ്രവച്ചത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് കർദിനാൾ മൗറോ ഗാംബെറ്റി, വത്തിക്കാൻ ആരാധനാക്രമ മാസ്റ്റർ ആർച്ച്ബിഷപ്പ് ഡിയേഗോ ജിയോവന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബസിലിക്കയുടെ ഉള്ളിൽ വിശുദ്ധവാതിലിനു പിന്നിലായി ‘സാംപിയട്രിനി’ (Sampietrini) എന്നറിയപ്പെടുന്ന കരകൗശല വിദഗ്ധർ ഏകദേശം 3,200 ഇഷ്ടികകൾ ഉപയോഗിച്ച് ഒരു മതിൽ നിർമ്മിച്ചു.

ഈ മതിലിനുള്ളിൽ വെങ്കലത്തിൽ നിർമ്മിച്ച ഒരു പേടകത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെയും ലെയോ പതിനാലാമൻ മാർപാപ്പയുടെയും ഔദ്യോഗിക ചിഹ്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ​വിശുദ്ധവർഷത്തിന്റെ ഓർമ്മയ്ക്കായി ജൂബിലി ഉദ്ഘാടന – സമാപനരേഖകൾ, ലെയോ പതിനാലാമൻ മാർപാപ്പയുടെയും ഫ്രാൻസിസ് മാർപാപ്പയുടെയും ഭരണകാലത്തെ മെഡലുകൾ, നാണയങ്ങൾ എന്നിവ ഈ പേടകത്തിൽ നിക്ഷേപിച്ചു.