2014-ൽ അസം മുഖ്യമന്ത്രിയായി തന്റെ പേര് സോണിയ ഗാന്ധി അംഗീകരിച്ചിരുന്നതായും എന്നാൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ കാരണമാണ് അത് നടക്കാതെ പോയതെന്നും വെളിപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
ചൊവ്വാഴ്ച നിയമസഭയിൽ നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കോൺഗ്രസ് വിടാൻ ഇടയാക്കിയ നാടകീയമായ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. 2011-ലെ തിരഞ്ഞെടുപ്പിന് ശേഷം അസം കോൺഗ്രസിൽ തരുൺ ഗോഗോയിക്കെതിരെ ഭിന്നത രൂക്ഷമായപ്പോൾ ഭൂരിഭാഗം എംഎൽഎമാരും തന്നെ പിന്തുണച്ചിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
അന്ന് സോണിയ ഗാന്ധിയെ താൻ ‘മാഡം’ എന്നാണ് വിളിച്ചിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്ന തീയതി തീരുമാനിക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ, ജൂൺ മാസത്തിലെ അംബുബാച്ചി മേളയ്ക്ക് ശേഷം കാമാഖ്യ ക്ഷേത്രത്തിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാമെന്ന് അറിയിച്ചിരുന്നു.



