ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ നയീം ഖാസമിന്റെ പേഴ്‌സണൽ സെക്രട്ടറി അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. നയീം ഖാസമിന്റെ ഓഫീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നതിലും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചിരുന്ന മുതിർന്ന നേതാവാണ് ഹർഷിയെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഹിസ്ബുള്ളയുടെ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹത്തെ വധിച്ചത് സംഘടനയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹർഷിയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പുറമെ, തെക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ ആയുധപ്പുരകളും കമാൻഡ് സെന്ററുകളും തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു. ലിതാനി നദിക്ക് തെക്ക് ആയുധങ്ങൾ എത്തിക്കാൻ ഉപയോഗിക്കുന്ന രണ്ട് പ്രധാന പാതകളും പത്തോളം ആയുധ സംഭരണ കേന്ദ്രങ്ങളും ഇസ്രായേൽ വ്യോമസേന തകർത്തു.ഹിസ്ബുള്ളയുടെ സൈനിക ശേഷി തകർക്കുന്നതിനുള്ള വിപുലമായ ഓപ്പറേഷന്റെ ഭാഗമായാണ് ഈ ആക്രമണങ്ങൾ നടന്നത്.
അതേസമയം, ലബനനിൽ ബുധനാഴ്ച നടന്ന ആക്രമണങ്ങളിൽ 182 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ യുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസങ്ങളിലൊന്നായിരുന്നു ഇത്. ബെയ്റൂട്ടിലെ ജനവാസ മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും ബോംബാക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഹർഷിയുടെ മരണത്തെക്കുറിച്ച് ഹിസ്ബുള്ള ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



