തിരുവനന്തപുരം: എറണാകുളം റൂറൽ എസ്‌പി ഹേമലതയെ കൊല്ലം കമ്മിഷണറായി നിയമിച്ചു. ട്രാഫിക്, റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജി കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാക്കി നിയമിച്ചു. കമ്മിഷണറായിരുന്ന ഹരിശങ്കറിനെ സായുധ സേനാവിഭാഗം ഡിഐജിയാക്കിയും നിയമിച്ചു. ജനുവരി ഒന്നിന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ചുമതലയേറ്റ ഹരിശങ്കർ ഈ മാസം എട്ടുമുതൽ അവധിയിലായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായിരുന്ന ടി. നാരായണനെ തൃശ്ശൂർ റേഞ്ച് ഡിഐജിയാക്കി. ആഭ്യന്തര സുരക്ഷാ എസ്‌പി ജി. ജയ്‌ദേവാണ് പുതിയ കോഴിക്കോട് കമ്മിഷണർ.
കൊച്ചിയിൽ നേരത്തേ ഐജി റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു കമ്മിഷണറായിരുന്നത്. അത് മാറ്റി ഡിഐജി റാങ്കിലെ ഉദ്യോഗസ്ഥനെ കമ്മിഷണറാക്കിയിരുന്നു. ഇപ്പോൾ വീണ്ടും ഐജി തസ്തികയിലുള്ള ഉദ്യോഗസ്ഥനായി.https://d-15139758712198869165.ampproject.net/2512221826001/frame.html
തൃശ്ശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ബി. കൃഷ്ണയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി. കൊല്ലം കമ്മിഷണർ കിരൺ നാരായണനെ ആഭ്യന്തര സുരക്ഷാ എസ്‌പിയായി നിയമിച്ചു.
തിരുവനന്തപുരം റൂറൽ എസ്‌പി കെ.എസ്. സുദർശനെ എറണാകുളം റൂറൽ എസ്‌പി യാക്കി. കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജുവിനെ കോസ്റ്റൽ പോലീസ് എഐജിയാക്കി. അവിടെനിന്ന് പദംസിങ്ങിനെ കോഴിക്കോട് ക്രമസമാധാന വിഭാഗം ഡിസിപിയാക്കി. തിരുവനന്തപുരം ഡിസിപിയായിരുന്ന ടി.ഫറാഷിനെ കോഴിക്കോട് റൂറൽ എസ്‌പിയാക്കി.
തപോഷ് ബസുമതാരിയാണ് തിരുവനന്തപുരം സിറ്റി ഡിസിപി. കോഴിക്കോട് ഡിസിപിയായിരുന്ന അരുൺ കെ. പവിത്രനെ വയനാട് ജില്ലാ പോലീസ് മേധാവിയാക്കി. വനിതാ ബറ്റാലിയൻ കമാൻഡന്റായിരുന്ന മുഹമ്മദ് നദീമുദ്ദീനെ റെയിൽവേ എസ്‌പിയാക്കി. കൊച്ചി ഡിസിപി ജുവ്വനപ്പടി മഹേഷിനെ തിരുവനന്തപുരം റൂറൽ എസ്‌പിയാക്കി. റെയിൽവേ എസ്‌പിയായിരുന്ന കെ.എസ്. ഷഹൻഷായെ കൊച്ചി സിറ്റി ഡിസിപി-2 ആയും നിയമിച്ചു.
പോലീസിനെ അമ്പരപ്പിച്ച ഉദ്യോഗസ്ഥ
കേരള പോലീസിനെ അമ്പരപ്പിച്ച ഉദ്യോഗസ്ഥ ഇനി കൊല്ലത്തെ നയിക്കും. എറണാകുളം റൂറൽ എസ്‌പിയായിരുന്ന എം. ഹേമലതയ്ക്ക് കൊല്ലം സിറ്റി പോലീസ് കമ്മിഷണറായി നിയമനം ലഭിച്ചു. മലപ്പുറത്ത് അഡീഷണൽ എസ്‌പിയായി ചുമതലയേറ്റ ദിവസം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ നടത്തിയ നാടകീയനീക്കങ്ങൾ ഇവരെ ഏറെ വിശേഷണങ്ങൾക്ക് ഉടമയാക്കി.
പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് എങ്ങനെ പെരുമാറുന്നെന്ന് പരീക്ഷിക്കാനായി വേഷം മാറിയാണ് അവർ അന്ന് സ്റ്റേഷനിലെത്തിയത്. കെഎസ്ആർടിസി ബസിൽനിന്ന് പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി ഇതരസംസ്ഥാനക്കാരിയായാണ് അവർ സ്റ്റേഷനിലെത്തിയത്. തമിഴും മലയാളവും കലർന്ന ഭാഷയിൽ സംസാരിച്ച യുവതിയോട് പോലീസ് ഉദ്യോഗസ്ഥർ അനുഭാവപൂർണമായ സമീപനമാണ് നടത്തിയത്. തുടർന്ന് പരാതി രേഖപ്പെടുത്താൻ ഒരുങ്ങുമ്പോഴാണ് പുതിയ എഎസ്‌പിയാണെന്ന് വെളിപ്പെടുത്തിയത്. ശബരിമല തീർത്ഥാടനകാലത്ത് നിലയ്ക്കലിൽ വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച ദൗത്യത്തിന്റെ ഭാഗമായതും ഏറെ ചർച്ചചെയ്യപ്പെട്ടു. ഭർത്താവ് ഡിഎഫ്ഒ പി. കാർത്തിക്.



