ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ കനത്ത മഞ്ഞുവീഴ്ച പർവതങ്ങളെയും താഴ്‌വരകളെയും വെള്ള പുതപ്പിച്ചു. ജനജീവിതം ദുസഹമാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. അതേസമയം, സഞ്ചാരികൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഞ്ഞുവീഴ്ച ആസ്വദിക്കുകയാണ്. ആളുകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമില്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മഞ്ഞുവീഴ്ച മനോഹരമായ കാഴ്ചകൾ സൃഷ്ടിക്കുക മാത്രമല്ല, ഗതാഗതത്തെയും സുരക്ഷയെയും സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

തണുത്ത കാറ്റിനൊപ്പം മഞ്ഞുവീഴ്ച ഹിമാചൽ പ്രദേശിലെ റോഡുകളെയും കുന്നുകളെയും വെള്ള പുതപ്പിച്ചു. നീണ്ട വരൾച്ചയ്ക്ക് ശേഷമുള്ള ഈ മഞ്ഞുവീഴ്ച കർഷകർക്കും തോട്ടക്കാർക്കും ആശ്വാസം നൽകിയെങ്കിലും പൊതുജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. വൈദ്യുതി വിതരണം തടസപ്പെടുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗതാഗതക്കുരുക്ക് തുടരുകയുമാണ്.