സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 29 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നാളെ മുതൽ മഴ ശമിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. നവംബർ 27 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   

26/11/2025: തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്ന

ന്യൂന മർദ്ദം ശക്തി പ്രാപിച്ചു

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുനമർദ്ദമായി (Depression) ശക്തിപ്രാപിക്കാനും സാധ്യത.

മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി (Depression) ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യത.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

26/11/2025: കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.