സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ എല്ലാവരും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ നിർബന്ധമായും ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നന്നായിരിക്കും. 

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ എന്നിവർ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് വേഗത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ കരുതൽ ആവശ്യമാണ്.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുന്നത് ശീലമാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനും സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കാൻ അധികൃതർ ശ്രദ്ധിക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മുതൽ 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ അതാത് പഞ്ചായത്തുകൾ ഒരുക്കണം.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കണം. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. അവർക്ക് ആവശ്യമായ വിശ്രമവും ചൂടേൽക്കാത്ത വസ്ത്രങ്ങളും ഉറപ്പാക്കണം. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും എപ്പോഴും ജല ലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

പൊതുപരിപാടികൾ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം. പകൽ 11 മുതൽ 3 വരെ കഴിവതും ഇത്തരം സമ്മേളനങ്ങൾ ഒഴിവാക്കണം.  അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.