ഹജ്ജ് സീസണിന് മുന്നോടിയായുള്ള ക്രമീകരണങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഉംറ വിസ വിതരണം മാർച്ച് 20-ന് അവസാനിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യങ്ങൾ കുറ്റമറ്റതാക്കുന്നതിനുമാണ് നടപടി. പുതിയ ക്രമീകരണമനുസരിച്ച്, ഉംറ വിസയുള്ളവർക്ക് ഏപ്രിൽ മൂന്ന് (ശവ്വാൽ 15) വരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകൂ. ഇവർ ഏപ്രിൽ 18-നകം മടങ്ങണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉംറ വിസയിൽ എത്തുന്നവർക്ക് യാതൊരു കാരണവശാലും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ അനുവാദമില്ലെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു. ഹജ്ജ് നിർവഹിക്കുന്നതിന് ഔദ്യോഗികമായ ഹജ്ജ് വിസ തന്നെ നിർബന്ധമാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. റമദാൻ സീസണിൽ മികച്ച സേവനം നൽകിയ ഉംറ കമ്പനികളെ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അഭിനന്ദിച്ചു. വരും ദിവസങ്ങളിലും ‘നുസ്ക് മസാർ’ പ്ലാറ്റ്‌ഫോം വഴി തീർഥാടകരുടെ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.