ടാനെഗാഷിമ: ജപ്പാന്റെ പ്രധാന റോക്കറ്റായ H-2A തന്റെ അവസാന ദൗത്യം വിജയകരമായി പൂർത്തിയാക്കി. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തെയും വഹിച്ച് ഞായറാഴ്ചയാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. ആഗോള ബഹിരാകാശ വിപണിയിൽ കൂടുതൽ മത്സരക്ഷമത ലക്ഷ്യമിട്ട് നിർമ്മിച്ച പുതിയ എച്ച3 റോക്കറ്റിന് വഴിമാറിക്കൊടുത്താണ് എച്ച്2എയുടെ പിന്മാറ്റം.
തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ടാനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് എച്ച്-2എ റോക്കറ്റ് ഗോസാറ്റ്-ജിഡബ്ല്യൂ (GOSAT-GW) ഉപഗ്രഹവുമായി കുതിച്ചുയർന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനുള്ള ടോക്കിയോയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. വിക്ഷേപണത്തിന് 16 മിനിറ്റിന് ശേഷം ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തിൽ പ്രവേശിച്ചു. റോക്കറ്റിൻ്റെ വൈദ്യുത സംവിധാനങ്ങളിലുണ്ടായ തകരാറുകൾ കാരണം വിക്ഷേപണം പലതവണ വൈകിയിരുന്നു.
ഞായറാഴ്ച നടന്ന വിക്ഷേപണം എച്ച്-2എ റോക്കറ്റിൻ്റെ 50-ാമത്തെയും അവസാനത്തെയും ദൗത്യമായിരുന്നു. 2001-ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഉപഗ്രഹങ്ങളെയും പേടകങ്ങളെയും ബഹിരാകാശത്തേക്ക് എത്തിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോക്കറ്റാണിത്. ഒരൊറ്റ പരാജയം മാത്രമാണ് 2003-ൽ രേഖപ്പെടുത്തിയത്. 2007 മുതൽ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസാണ് ഇതിൻ്റെ വിക്ഷേപണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.



