ഗസ്സ സിറ്റി: മൂന്ന് മാസമായി ഇസ്രായേൽ ഉപരോധം നേരിടുന്ന ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട മെഡ്ലീൻ കപ്പൽ ഇന്ന് ഗസ്സ തീരത്തടുക്കും. ഞായറാഴ്ച ഉച്ചയോടെ കപ്പൽ ഈജിപ്ത് തീരത്തെത്തി. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിലാണ് 12 സന്നദ്ധ പ്രവർത്തകർ സഹായവുമായി എത്തുന്നത്. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇസ്രായേൽ ഉപരോധം മറികടക്കുമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായ വിതരണ ഇടനാഴി തുറക്കുമെന്നും തുംബർഗ് പറഞ്ഞു.
ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റംഗം റിമ ഹസൻ, ചലച്ചിത്ര നടൻ ലിയൻ കണ്ണിങ്ഹാം, ജർമൻ മനുഷ്യാവകാശ പ്രവർത്തക യാസ്മിൻ അകാർ എന്നിവരും യാത്ര സംഘത്തിലുണ്ട്. ഫ്രീ ഗസ്സ മൂവ്മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്ലോട്ടിലയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധമായ നടപടികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുകയും യാത്രയുടെ ലക്ഷ്യമാണ്. എന്നാൽ, കപ്പൽ തടയുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. മെഡ്ലീൻ ഗസ്സ തീരത്ത് അടുക്കുന്നത് തടയാൻ സൈന്യത്തിന് നിർദേശം നൽകിയതായി പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഹമാസിന്റെ ആയുധ കടത്ത് തടയാനുള്ള കടൽ ഉപരോധം മറികടക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽനിന്ന് ജൂൺ ഒന്നിനാണ് കപ്പൽ യാത്ര തിരിച്ചത്. ഇതിനകം 2000 കിലോമീറ്റർ താണ്ടിയാണ് കപ്പൽ ഈജിപ്ത് തീരത്ത് എത്തിയത്. മണിക്കൂറുകളോളം ഡ്രോണുകൾ പറത്തി കപ്പൽ യാത്ര ഇസ്രായേൽ നിരീക്ഷിച്ചതായി യാത്ര സംഘത്തിലെ ഫ്രഞ്ച് ഡോക്ടറും ആക്ടിവിസ്റ്റുമായ ബാപ്റ്റിസ്റ്റ് ആൻഡ്രേ പറഞ്ഞു.