ഗ്രേറ്റർ നോയിഡയിലെ സെക്ടർ 150 ൽ വെള്ളം നിറഞ്ഞ കുഴിയിലേക്ക് കാർ മറിഞ്ഞ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തകർക്കെതിരെ രൂക്ഷ പ്രതികരണവുമായി യുവാവിൻറെ പിതാവ്. 27കാരനായ  യുവരാജ് മേത്തയാണ് മരിച്ചത്. വെള്ളത്തിന് കഠിനമായ തണുപ്പായതിനാലും അപകട സാധ്യതയുള്ളതിനാലും ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചെന്നാണ് കുടുംബത്തിൻറെ ആരോപണം.

സംഭവ സ്ഥലത്ത് മൂന്ന് വകുപ്പുകളിൽ നിന്നുള്ള  80 ഓളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും യുവ എഞ്ചിനീയറെ രക്ഷിക്കാൻ കഴിയാത്തത് അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് കുടുംബം ആരോപിക്കുന്നു.

ശനിയാഴ്ച പുലർച്ചെ അപകടസ്ഥലത്ത് എത്തിയപ്പോൾ മൂടൽ മഞ്ഞ് കാരണം കാഴ്ച തടസപ്പെട്ടിരുന്നതായി യുവാവിൻറെ പിതാവ് രാജ്കുമാർ മേത്ത പറഞ്ഞു. ‘ഞാൻ എങ്ങനെയോ അവനെ ഫോണിൽ വിളിച്ചപ്പോൾ കാറിനുള്ളിൽ നിന്ന് തന്റെ ഫോണിന്റെ ടോർച്ച്‌ലൈറ്റ് അദ്ദേഹം ഓൺ ചെയ്തു. അങ്ങനെയാണ് കാർ എവിടെയാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ വെള്ളത്തിലിറങ്ങുക എന്നത് എല്ലാവർക്കും പ്രയാസകരമായിരുന്നു. പോലീസും മറ്റു ഉദ്യോഗസ്ഥരും കയർ എറിയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല’. അദ്ദേഹം ഇന്ത്യാ ടുഡേയുടെ സഹോദര ചാനലായ ആജ് തക്കിനോട് പറഞ്ഞു.

പോലീസ്, അഗ്നിശമന സേന, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) എന്നിവരുടെ സാന്നിധ്യമുണ്ടായിട്ടും ഉടനടി രക്ഷാപ്രവർത്തനം നടത്തിയില്ല. വെള്ളത്തിന് കടുത്ത തണുപ്പാണെന്നും ഉള്ളിൽ ഇരുമ്പ് കമ്പികൾ ഉണ്ടെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ വെള്ളത്തിൽ ഇറങ്ങാൻ തയ്യാറായില്ല. വിദഗ്ദ്ധരായ ഡൈവർമാർ ഉണ്ടായിരുന്നെങ്കിൽ തന്റെ മകൻ രക്ഷപ്പെടുമായിരുന്നുവെന്നും രാജ്കുമാർ മേത്ത പറഞ്ഞു.

ഡെലിവറി ഏജൻറിൻറെ വെളിപ്പെടുത്തൽ

മോനിന്ദർ എന്ന സംഭവത്തിന് ദൃക്സാക്ഷിയായ  ഡെലിവറി ഏജൻറും രാജ്കുമാർ മേത്തയുടെ വാദങ്ങൾ ശരിവച്ച് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. അപകടം നടന്നത് രാത്രി 12 മണിയോടെയാണ്. കനത്ത മൂടൽമഞ്ഞിനിടയിലാണ് കാർ കുഴിയിലേക്ക് മറിഞ്ഞത്.

ഏകദേശം രണ്ട് മണിക്കൂറോളം ആ യുവാവ് സഹായത്തിനായി തീവ്രമായി അപേക്ഷിച്ചു. പോലീസും, എസ്ഡിആർഎഫും, അഗ്നിശമന സേനയും എല്ലാവരും അവിടെയുണ്ടായിരുന്നു. പക്ഷേ ആരും അദ്ദേഹത്തെ സഹായിച്ചില്ലെന്നും മോനിന്ദർ പറഞ്ഞു. യുവാവിൻറെ മരണത്തിന് ഉത്തരവാദി സർക്കാർ വകുപ്പുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രക്ഷാപ്രവർത്തകർ മടിച്ച് നിന്നപ്പോൾ മോനിന്ദർ സ്വന്തം നിലയിൽ വെള്ളത്തിലിറങ്ങുകയായിരുന്നു. താൻ എത്തുമ്പോഴേക്കും അവൻ മുങ്ങിപ്പോയിരുന്നു. തുണി മാറ്റി അരയിൽ കയർ കെട്ടി കുറഞ്ഞത് 50 മീറ്ററെങ്കിലും കുഴിയിലേക്ക് പോയി. ഏകദേശം 30 മിനിറ്റോളം തിരഞ്ഞെങ്കിലും അവനെയോ കാറിനെയോ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.