ലഡാക്കിലെ പരിസ്ഥിതി സംരക്ഷണത്തിനും ഭരണഘടനാ അവകാശങ്ങൾക്കുമായി നടന്ന പ്രക്ഷോഭങ്ങളിൽ മുഖ്യപങ്ക് വഹിച്ച പ്രവർത്തകനായ സോനം വാങ്ചുക്കിനെ തടങ്കലിൽ നിന്ന് മോചിപ്പിക്കാൻ കേന്ദ്ര തീരുമാനം. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ആണ് നടപടി. 2025ൽ ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്.
രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരിൽ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്. 2025 സെപ്റ്റംബർ 24 ന് സമാധാനപ്രിയരായ ലേ പട്ടണത്തിൽ ഉടലെടുത്ത ഗുരുതരമായ ക്രമസമാധാന പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
നിയമപ്രകാരമുള്ള തടങ്കൽ കാലയളവിന്റെ പകുതിയോളം വാങ്ചുക്ക് ഇതിനകം അനുഭവിച്ചുകഴിഞ്ഞുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 24-ന് ലേയിൽ നാല് പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത അക്രമത്തിന് പിന്നിലെ “മുഖ്യ പ്രകോപനക്കാരൻ” വാങ്ചുക്കാണെന്ന് സുപ്രീം കോടതിയെ അറിയിച്ചുകൊണ്ട് കേന്ദ്രം നേരത്തെ തടങ്കലിനെ ന്യായീകരിച്ചിരുന്നു. എൻഎസ്എയ്ക്ക് കീഴിലുള്ള എല്ലാ നടപടിക്രമ സുരക്ഷാ മുൻകരുതലുകളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതിനുശേഷം സ്ഥിതി ശാന്തമായെന്നും വാദിച്ചു.



