ന്യൂഡൽഹി: 2016 സെപ്റ്റംബർ 15-ന് സുപ്രീംകോടതിയിൽനിന്നുണ്ടായ വിധി ഒരുപക്ഷേ ആരും പ്രതീക്ഷിച്ചിരുന്നില്ല. പെൺകുട്ടിയെ ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വെറുതേവിട്ടുവെന്നാണ് സുപ്രീംകോടതി ഉത്തരവ് വായിച്ചപ്പോൾ ആദ്യം വാർത്തപരന്നത്. എന്നാൽ, വിധിന്യായം പുറത്തുവന്നതോടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്യുകയാണുണ്ടായതെന്ന് വ്യക്തമായി.
വധശിക്ഷ റദ്ദാക്കിയ നടപടി തെറ്റാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സുപ്രീംകോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് മർക്കണ്ഡേയ കട്ജുവിനെ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് വിളിച്ചുവരുത്തിയ അസാധാരണനടപടിയും കേസിലുണ്ടായി. പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കട്ജുവിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
പെൺകുട്ടി തീവണ്ടിയിൽനിന്ന് ചാടിയതാണെങ്കിലും തള്ളിയിട്ടതാണെങ്കിലും ഗോവിന്ദച്ചാമി തന്നെയാണ് അതിനുത്തരവാദിയെന്ന് ജസ്റ്റിസ് കട്ജു വാദിച്ചു. തുടർന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് കട്ജുവുമായി കടുത്തവാക്കേറ്റമുണ്ടായി. ജസ്റ്റിസ് കട്ജുവിനെ പിടിച്ച് പുറത്താക്കാൻ ആരുമില്ലേയെന്നുവരെ ജസ്റ്റിസ് ഗൊഗോയ് ചോദിച്ചു. പുനഃപരിശോധനാ ഹർജി തള്ളുകയും ചെയ്തു.
കേസിലെ രേഖകൾ ഇഴകീറിപ്പരിശോധിച്ച് വിടവുകൾ കണ്ടെത്തിയത് ജസ്റ്റിസ് ഗൊഗോയ് തന്നെയായിരുന്നു. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നിവ സംശയാതീതമായി തെളിഞ്ഞു. എന്നാൽ, തന്റെ പ്രവൃത്തികൊണ്ട് പെൺകുട്ടി മരണപ്പെടുമെന്ന ബോധത്തോടെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയെന്ന് കരുതാനാവില്ലെന്നാണ് കോടതി കണ്ടെത്തിയത്.
പ്രതിയെ രക്ഷിച്ച വിടവുകൾ
രണ്ടു മുറിവുകളാണ് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. വലതുകൈകൊണ്ട് മുടിക്കുപിടിച്ച് ഉറപ്പുള്ള സ്ഥലത്ത് തല ശക്തമായി ഇടിച്ചതുകാരണമുണ്ടായ മുറിവാണ് ഒന്നാമത്തേത്. എന്നാൽ, ഇതുമാത്രം മരണകാരണമാകണമെന്നില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തീവണ്ടിയിൽനിന്ന് ചാടിയപ്പോഴുണ്ടായതാണ് രണ്ടാമത്തെ സാരമായ മുറിവ്.
പെൺകുട്ടി തീവണ്ടിയിൽനിന്ന് ‘പുറത്തുചാടി രക്ഷപ്പെട്ടു’ എന്നാണ് വാതിലിനടുത്തുനിന്നിരുന്ന മധ്യവയസ്കനായ യാത്രക്കാരൻ പറഞ്ഞതെന്നാണ് നാലാമത്തെയും 40-ാമത്തെയും സാക്ഷികളുടെ മൊഴി. പെൺകുട്ടി സ്വയം തീവണ്ടിയിൽനിന്ന് ചാടിയതാകാനുള്ള സാധ്യത തള്ളാനാവില്ലെന്ന നിഗമനത്തിൽ സുപ്രീംകോടതി എത്തിച്ചേരാൻ ഈ മൊഴി നിർണായകമായി.