കണ്ണൂർ: കർഷക പെൻഷൻ പദ്ധതി പൂർണമായും നടപ്പാക്കാതെ രണ്ടാം പിണറായി സർക്കാരും പടിയിറങ്ങുന്നു. ഒന്നാം പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മൂന്നാമതായിരുന്നു കർഷക പെൻഷൻ പദ്ധതി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ 2021ലെ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് പ്രഖ്യാപിച്ച കർഷക പെൻഷൻ പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ചെയർമാൻ, സിഇഒ, ജോയിന്റ് സിഇഒ, കൃഷി-മൃഗസംരക്ഷണ സെക്രട്ടറിമാർ, ധനകാര്യ ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങടിയഎട്ടുപേരും ഭരണപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പ്രതിപക്ഷത്തുനിന്നു കോൺഗ്രസ് പ്രതിനിധിയും ഉൾപ്പെടെ 24 പേരെ ഉൾപ്പെടുത്തി കർഷക പെൻഷൻ ബോർഡ് രൂപീകരിക്കുകയും ചെയ്തു.
ഇടതു സർക്കാരിനു തുടർഭരണം ലഭിക്കാൻ തെക്കൻ തിരുവിതാംകൂറിലും മലബാറിലും കൂടുതൽ സീറ്റുകൾ ലഭിച്ചതിന്റെ പ്രധാന കാരണം കർഷക പെൻഷൻ പദ്ധതിയായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ അധികാരത്തിലെത്തിയപ്പോഴും കർഷക പെൻഷൻ പദ്ധിയുമായി മുന്നോട്ടു പോകാൻതന്നെയായിരുന്നു സർക്കാരിന്റെ തീരുമാനം.
അങ്ങനെ രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021 ഡിസംബറിൽ പദ്ധതിക്കു തുടക്കം കുറിക്കുകയും കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തിരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനു കൃഷിമന്ത്രി തുറന്നു കൊടുക്കുകയും ചെയ്തു. കർഷക പെൻഷൻ പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5,000 രൂപവീതം പെന്ഷന് നല്‍കാനായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
നിലവിലെ അവസ്ഥ
തുടക്കത്തിൽ 20 ലക്ഷം കർഷകർ രജിസ്ട്രേഷൻ പദ്ധതിയിൽ അംഗങ്ങളാകുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, 2026 ഫെബ്രുവരിവരെ 15,354 പേരുടെ രജിസ്ട്രേഷൻ മാത്രമാണു പൂർത്തിയായിരിക്കുന്നത്. പെൻഷൻ പദ്ധതിയിൽ കർഷകരെ ചേർക്കാൻ കൃഷിവകുപ്പ് മുഖേന നടത്തുന്ന പ്രചാരണ പരിപാടികൾ നിർത്തിവച്ചിരിക്കുകയാണ്. പെൻഷനും ആനുകൂല്യങ്ങളും സംബന്ധിച്ച് ഇതുവരെയും പദ്ധതിയിൽ തീരുമാനമായില്ല. കർഷക പെൻഷൻ പദ്ധതിക്ക് ഇതുവരെയും ധനവകുപ്പ് അനുമതി നല്‍കിയിട്ടില്ല.
അതിനാൽ, പദ്ധതിയുമായി മുന്നോട്ടുപോകാൻ കൃഷിവകുപ്പിനു കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് തൃശൂരിൽ പ്രധാനപ്പെട്ട ഓഫീസും കോഴിക്കോട്ടും തിരുവനന്തപുരത്തും റീജണൽ ഓഫീസുമായി കർഷക ക്ഷേമനിധി ബോർഡ് പ്രവർത്തനമുണ്ട്. പ്രതിവർഷം രണ്ടരക്കോടി രൂപയാണ് ഇവിടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ശന്പള ഇനത്തിൽ അഞ്ചു വർഷമായി നല്‍കുന്നത്.
കഴിഞ്ഞ ബജറ്റിലും കർഷക ക്ഷേമനിധി ബോർഡിന്റെ കാര്യം പോലും പരമാർശിച്ചില്ല. 2021ൽ അംശദായം അടച്ചുതുടങ്ങിയവർക്ക് അടുത്തവർഷം ജനുവരിയിൽ പെൻഷൻ വിതരണം ചെയ്യേണ്ടതാണ്. പദ്ധതി നടപ്പാകാത്ത സ്ഥിതിക്ക് ആനുകൂല്യവും പെൻഷനും വിതരണം ചെയ്യുന്ന കാര്യം പുതിയ സർക്കാരിനു തലവേദനയായിരിക്കും.



