തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ വലഞ്ഞ് രോഗികൾ. ഡോക്ടറെ ഉടൻ തിരിച്ചെടുക്കണമെന്നും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഡോക്ടറുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ ഒപി സേവനങ്ങൾ ബഹിഷ്കരിച്ചു.
ശമ്പള കുടിശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ചുള്ള കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരവും തുടർച്ചയായ ഒൻപതാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായും ആരോഗ്യ-ധനകാര്യ മന്ത്രിമാരുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ ഡോക്ടർമാരുടെ സംഘടനകൾ തീരുമാനിച്ചത്. 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നാണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പ്രധാന ആവശ്യം. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി ഇത് തള്ളുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഒപി സേവനങ്ങളും അധ്യാപനവും തടസപ്പെട്ടിരിക്കുകയാണ്. സീനിയർ ഡോക്ടർമാർ വിട്ടുനിൽക്കുന്നതിനാൽ പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരുമാണ് നിലവിൽ രോഗികളെ പരിശോധിക്കുന്നത്. അത്യാഹിതമല്ലാത്ത ശസ്ത്രക്രിയകൾ പലയിടത്തും മാറ്റിവെച്ചു. എന്നാൽ കാഷ്വാലിറ്റി, ഐസിയു, ലേബർ റൂം തുടങ്ങിയ അടിയന്തര വിഭാഗങ്ങൾ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



