ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഗുരുതരമായ സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ. ഏകദേശം 40 ശതമാനം ആൻഡ്രോയിഡ് ഫോണുകളും മാൽവെയർ, സ്പൈവെയർ ഭീഷണിയിലാണെന്ന് ഗൂഗിൾ വ്യക്തമാക്കിയതായി ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു.

സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന പഴയ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം (OS) പതിപ്പുകളാണ് ഈ സുരക്ഷാ ഭീഷണിക്ക് പ്രധാന കാരണം. ആൻഡ്രോയിഡ് 13-ഓ അതിന് മുൻപുള്ള പതിപ്പുകളോ ഉപയോഗിക്കുന്ന ഫോണുകൾക്കാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്.

റിപ്പോർട്ടുകൾ പ്രകാരം, പഴയ ആൻഡ്രോയിഡ് ഒഎസ് പതിപ്പുകൾക്ക് ഇപ്പോൾ കൃത്യമായ സുരക്ഷാ അപ്‌ഡേറ്റുകൾ (Security Updates) ലഭിക്കുന്നില്ല. ഇത് ഹാക്കർമാർക്കും സൈബർ കുറ്റവാളികൾക്കും ഇത്തരം ഫോണുകളിലേക്ക് കടന്നുകയറുന്നത് എളുപ്പമാക്കുന്നു. ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം (100 കോടി) ആൻഡ്രോയിഡ് ഉപയോക്താക്കൾ ഈ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.