ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ വീഡിയോ ടൂളായ വിയോ-3 (Veo 3) ഇപ്പോൾ ഇന്ത്യയിലും ലഭ്യമാകും. ജെമിനി ആപ്പിൽ എഐ പ്രോ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ഇത് ലഭ്യമാകും. വിഇഒ 3 ജെമിനി ആപ്പ് ലഭ്യമായ എല്ലാ രാജ്യങ്ങളിലും പുറത്തിറക്കുന്നതായി ഗൂഗിൾ തന്നെയാണ് അറിയിച്ചത്. ആഴ്ചകൾക്ക് മുമ്പ് ഗൂഗിൾ ഐഒ കോൺഫറൻസിൽ വെച്ചാണ് കമ്പനി ഈ വീഡിയോ ജനറേഷൻ ടൂൾ പരിചയപ്പെടുത്തിയത്. ജെമിനി എഐയുടെ ‘പ്രോ’ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്ക് മാത്രമാണ് വിയോ 3 ഉപയോഗിച്ച് വീഡിയോ നിർമിക്കാനാവുക. ശബ്ദത്തോടുകൂടി എട്ട് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകളാണ് വിയോ 3 വഴി നിർമിക്കാനാവുക.

വിയോ 3 ഉപയോഗിച്ച് നിർമിക്കുന്ന ആകർഷകമായ സിനിമാറ്റിക് വീഡിയോകളിൽ യഥാർത്ഥമെന്ന് തോന്നിക്കുന്ന സംഭാഷണങ്ങൾ, സൗണ്ട് ഇഫക്ടുകൾ, പശ്ചാത്തല സംഗീതം എന്നിവയും നിർമിക്കാനാവും. വിയോ 3യിൽ നിർമിക്കുന്ന എല്ലാ വീഡിയോകളിലും വാട്ടർമാർക്ക് പ്രദർശിപ്പിക്കും. ഇതോടൊപ്പം അദൃശ്യമായ സിന്ത്‌ഐഡി വാട്ടർമാർക്കും വീഡിയോയിൽ ഉണ്ടാവും (SynthID). വീഡിയോകൾ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് മനസിലാക്കാൻ ഇതുവഴി സാധിക്കും.

ചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ പുനർനിർമ്മാണം മുതൽ പുരാണങ്ങളിലെ ജീവികളെക്കുറിച്ചുള്ള സാങ്കൽപ്പിക കഥകൾ വരെ ഇതിൽ തയ്യാറാക്കാം. വീഡിയോകൾ നിർമ്മിക്കുന്നതിനും കാണുന്നതിനുമുള്ള രീതി വിഇഒ 3 പൂർണ്ണമായി മാറ്റുമെന്ന് ഓപ്പൺഎഐ സഹസ്ഥാപകൻ കൂടിയായ ആൻഡ്രെ കാർപ്പതി അഭിപ്രായപ്പെട്ടിരുന്നു. ഇത് ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. വായിക്കുന്നതിനും എഴുതുന്നതിനും എളുപ്പം വീഡിയോകൾ കാണുന്നതിലൂടെ ഉള്ളടക്കം സൃഷ്ടിക്കുന്നത് കൂടുതൽ എളുപ്പമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ പുതിയ ടൂൾ ഉപയോഗിച്ച് വീഡിയോ നിർമ്മാതാക്കൾക്ക് എളുപ്പത്തിൽ വീഡിയോകൾ നിർമ്മിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് പ്രെസന്റേഷനുകൾ, പ്രോജക്റ്റ് വീഡിയോകൾ എന്നിവ നിർമ്മിക്കാം. സാധാരണ ഉപയോക്താക്കൾക്ക് അവരുടെ ഭാവനയിലുള്ള കാര്യങ്ങൾ വീഡിയോ രൂപത്തിൽ കാണാനും സാധിക്കും. ജെമിനി ആപ്പിൽ ഈ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ദൃശ്യങ്ങൾ നിർമ്മിച്ച് പരീക്ഷിക്കാവുന്നതാണ്.

എഐ മോഡലിന്റെ ദുരുപയോഗം തടയാനും സുരക്ഷിതമാക്കാനും ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഗൂഗിൾ വിയോ 3 ഇന്ത്യയിൽ എത്തുന്നത് ഇപ്പോഴാണെങ്കിലും വിയോ 3യുടെ എപിഐ ഉപയോഗിച്ചുള്ള തേഡ് പാർട്ടി ആപ്പുകളുടെ സഹായത്തോടെ നിർമിച്ച എഐ വീഡിയോകൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.