ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളിയാഴ്ച ആചരിക്കവെ, കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർഥനയ്ക്ക് കുരിശും വഹിച്ചുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകി. യുദ്ധങ്ങളും സംഘർഷങ്ങളും തകർത്ത ലോകത്ത് സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ഇത്തവണത്തെ ചടങ്ങുകൾ മുന്നോട്ടുവെച്ചത്.

റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച മുഴുവൻ സമയവും കുരിശ് വഹിച്ചുകൊണ്ട് പങ്കെടുക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് ലെയോ പതിനാലാമൻ മാർപ്പാപ്പ. 1980 മുതൽ 1994 വരെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മുഴുവൻ സമയവും കുരിശ് വഹിച്ചുകൊണ്ടാണ് ദുഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴിയിൽ പങ്കുചേർന്നിരുന്നത്.

വിശുദ്ധനാടിന്റെ കസ്റ്റോഡിയൻ ഫാദർ ഫ്രാൻസെസ്കോ പാറ്റൺ തയ്യാറാക്കിയ ധ്യാനചിന്തകളാണ് ഇത്തവണ കുരിശിന്റെ വഴിയിൽ ഉപയോഗിച്ചത്. ജെറൂസലേമിലും പരിസര പ്രദേശങ്ങളിലും യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വേദനകൾ ഓരോ ഘട്ടത്തിലും അനുസ്മരിക്കപ്പെട്ടു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആധുനിക ലോകത്തെ നിസ്സഹായരായ മനുഷ്യരുടെ സഹനങ്ങളുമായി ബന്ധിപ്പിക്കുന്നതായിരുന്നു ഈ പ്രാർഥനകൾ.

പ്രാർത്ഥനയുടെ സമാപനത്തിൽ മാർപാപ്പ സമാധാനത്തിനായി ശക്തമായ ആഹ്വാനം നൽകി. “കുരിശ് എന്നത് പരാജയത്തിന്റെ അടയാളമല്ല, മറിച്ച് വിജയത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. വിദ്വേഷം വെടിഞ്ഞ് മനുഷ്യത്വം ഉയർത്തിപ്പിടിക്കാൻ നാം തയ്യാറാകണം,” പാപ്പ പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കും അഭയാർത്ഥികൾക്കും വേണ്ടി പാപ്പ പ്രത്യേകമായി പ്രാർത്ഥിച്ചു.

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും പതിനായിരക്കണക്കിന് തീർത്ഥാടകരാണ് മെഴുകുതിരികളേന്തി കൊളോസിയത്തിൽ ഒത്തുചേർന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓരോ ഘട്ടത്തിലും കുരിശ് വഹിച്ചു. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് ആളുകൾ തത്സമയം ഈ ചടങ്ങുകൾ വീക്ഷിച്ചു.