കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ഹാജരാകാനാണ് പറഞ്ഞിരുന്നതെങ്കിലും ഉച്ചയ്ക്ക് ഒന്നിനുശേഷമാണ് തന്ത്രി കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രിക്ക് 41-ാം ദിവസമായിരുന്നു ജാമ്യം ലഭിച്ചത്.
ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്ത് ആചാരലംഘനത്തിനു കൂട്ടുനിന്നെന്നും തട്ടിപ്പിനു മൗനാനുവാദം നല്കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഗൂഢാലോചന നടന്നതിനു തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. സ്വകാര്യ സ്ഥാപനത്തില്‍ തന്ത്രിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നായിരുന്നു എസ്ഐടി പറഞ്ഞിരുന്നത്. എന്നാല്‍ പണം കൈമാറിയതിനു തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.
തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചു എന്നു പറഞ്ഞിരുന്ന നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം രാജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ നടന് ജയറാമിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. വാസുവിനെ കൊച്ചിയിലെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.



