ന്യൂഡൽഹി: ഉപരാഷ്ട്രപതി പദവി ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സമ്മേളനത്തിൽ രാജ്യസഭാ അധ്യക്ഷൻ കൂടിയായ സി.പി. രാധാകൃഷ്ണനെ കുടുംബബന്ധങ്ങൾ ഓർമിപ്പിച്ചു കോൺഗ്രസും സിപിഎമ്മും.
ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യദിവസം സിപി. രാധാകൃഷ്ണന് അനുമോദനമർപ്പിച്ചു സംസാരിക്കവെയായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെയും സിപിഎം എംപി ജോൺ ബ്രിട്ടാസിന്‍റെയും വാക്കുകൾ.
പാർലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്‍റെ സ്വരം കൂടി കേൾക്കാൻ രാജ്യസഭാ അധ്യക്ഷൻ തയാറാകണമെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ താങ്കളുടെ അമ്മാവനായ സി.കെ. കുപ്പുസ്വാമി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എംപിയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും. അദ്ദേഹം വിജയിച്ചത് താങ്കളുടെ മണ്ഡലത്തിൽനിന്നാണെന്നും സി.പി. രാധാകൃഷ്ണനെ ഓർമിപ്പിച്ചു.
താനൊരു പാർട്ടിയുടെയും ഭാഗമല്ല, ഈ സഭയിലുള്ള എല്ലാ പാർട്ടിയുടെയും ഭാഗമാണെന്നു 1952ൽ അന്നത്തെ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍റെ പ്രസംഗഭാഗവും ഖാർഗെ പരാമർശിച്ചു. സഭയിലെ നടപടികൾ നീതിയുക്തവും നിഷ്പക്ഷവുമായി നടത്തുകയും ഓരോ പാർട്ടിയിലെയും അംഗങ്ങൾക്ക് നീതിയുക്തമായ അവസരം നൽകുകയും ചെയ്യേണ്ടത് ഉപരാഷ്ട്രപതി ഓഫീസിന്‍റെ വിശ്വാസ്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഖാർഗെ വ്യക്തമാക്കി.
താങ്കൾ മധ്യപക്ഷ പാർട്ടികളിലേക്ക് മാത്രം ശ്രദ്ധയൂന്നാതെ ഇടത് പ്രത്യയശാസ്ത്രത്തെയും ഇടതുപക്ഷ പാർട്ടികളെയും പരിഗണിക്കണമെന്നായിരുന്നു ഖാർഗെക്ക് പിന്നാലെ പ്രസംഗിച്ച ജോൺ ബ്രിട്ടാസ് ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. ബിജെപിയുടെ കേരളത്തിന്‍റെ സംഘടനാചുമതല വഹിച്ചിരുന്ന താങ്കൾ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നും അതിനാൽത്തന്നെ താങ്കൾ കേരളത്തെക്കൂടി പ്രതിനിധീകരിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ബ്രിട്ടാസ് ഉപരാഷ്ട്രപതിയോടെ പറഞ്ഞു.
താങ്കളുടെ അമ്മാവൻ കോൺഗ്രസുകാരനായിരുന്നുവെന്നു ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. താങ്കളുടെ മുത്തച്ഛൻ കമ്മ്യൂണിസ്റ്റുകാരനാണെന്ന വസ്തുത താങ്കൾ മറക്കരുതെന്നു പ്രസംഗത്തിന്റെ അവസാനം പരാമർശിച്ചപ്പോൾ സഭാ അംഗങ്ങളും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും പുഞ്ചിരിച്ചു.



