ഇറാനുമായുള്ള യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ ഇസ്രായേൽ ഗാസയിലേക്കുള്ള അതിർത്തികൾ അടച്ചതോടെ പലസ്തീൻ ജനത കടുത്ത ദുരിതത്തിലേക്ക്. ഇന്ധനവും അവശ്യഭക്ഷ്യവസ്തുക്കളും അതിവേഗം തീരുന്നതായും വരുംദിവസങ്ങളിൽ ഗാസ പൂർണ്ണമായും ഇരുട്ടിലാകുമെന്നും പ്രാദേശിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച ഇറാനുനേരെ അമേരിക്കയുമായി ചേർന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഗാസയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ഇസ്രായേൽ സൈന്യം അടച്ചുപൂട്ടിയത്. യുദ്ധ സാഹചര്യത്തിൽ അതിർത്തികൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് ഇസ്രായേൽ അധികൃതർ നൽകുന്ന വിശദീകരണം.
ഇസ്രായേലിൽ നിന്നും ഈജിപ്തിൽ നിന്നും ട്രക്കുകളിൽ എത്തുന്ന ഇന്ധനത്തെയാണ് ഗാസ പൂർണ്ണമായും ആശ്രയിക്കുന്നത്. പുതിയ സ്റ്റോക്കുകൾ വരാത്ത പക്ഷം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുമെന്നും കുടിവെള്ള വിതരണവും ശുചീകരണ സംവിധാനങ്ങളും നിലയ്ക്കുമെന്നും യുഎൻ പ്രതിനിധികൾ വ്യക്തമാക്കി.
നിലവിലുള്ള ഇന്ധനം പരമാവധി മൂന്ന് അല്ലെങ്കിൽ നാല് ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ എന്ന് പലസ്തീൻ എയ്ഡ് ലീഡർ അംജദ് അൽ-ഷാവ അറിയിച്ചു. പച്ചക്കറി, മാവ് തുടങ്ങിയ അവശ്യവസ്തുക്കളുടെ ശേഖരവും ഉടൻ തീരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഗാസയിലേക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചിട്ടുണ്ടെന്നും നിലവിലെ സ്റ്റോക്ക് ദീർഘകാലത്തേക്ക് തികയുമെന്നുമാണ് ഇസ്രായേൽ സൈനിക ഏജൻസിയായ കോഗാറ്റ് അവകാശപ്പെടുന്നത്.
അതിർത്തികൾ അടച്ചത് ഗാസയിൽ വീണ്ടും ക്ഷാമത്തിന് കാരണമാകുമോ എന്ന ഭീതിയിലാണ് പലസ്തീൻ ജനത. കഴിഞ്ഞ വർഷം 11 ആഴ്ചയോളം ഇസ്രായേൽ സഹായം തടഞ്ഞപ്പോൾ ഗാസയിൽ കടുത്ത പട്ടിണി അനുഭവപ്പെട്ടിരുന്നു. ഇതിനിടെ, ചൊവ്വാഴ്ച മുതൽ ഇസ്രായേലിൽ നിന്നുള്ള കെറെം ഷാലോം അതിർത്തി വഴി മാനുഷിക സഹായങ്ങൾ ഭാഗികമായി കടത്തിവിടാൻ അനുമതി നൽകുമെന്ന് തിങ്കളാഴ്ച രാത്രി ഇസ്രായേൽ അധികൃതർ അറിയിച്ചിട്ടുണ്ട്.
എന്നാൽ എത്രത്തോളം സഹായം അനുവദിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അമേരിക്കയുടെ പിന്തുണയോടെ നടപ്പിലാക്കുന്ന വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി റാഫ അതിർത്തി തുറക്കാനും ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ഇറാൻ-ഇസ്രായേൽ യുദ്ധം ഇതിനെല്ലാം തിരിച്ചടിയായിരിക്കുകയാണ്.



