യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയുടെ പുനർനിർമാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്. ഒരു ബില്യൺ ഡോളറിന്റെ വൻതുകയാണ് കുവൈത്ത് ഗസ്സയ്ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടണിൽ തന്റെ പുതിയ ‘സമാധാന ബോർഡ്’ യോഗം ആരംഭിച്ച വേളയിലാണ് കുവൈത്തിന്റെ ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.

വാഷിംഗ്ടണിൽ നടന്ന ഉദ്ഘാടന സെഷനിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ആണ് സഹായ വാഗ്ദാനം നടത്തിയത്. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുക എന്നത് കുവൈത്തിന്റെ പ്രഖ്യാപിത വിദേശനയത്തിന്റെ ഭാഗമാണെന്നും, സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ ഉറച്ച പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുമായി സഹകരിക്കാനുള്ള സന്നദ്ധതയും കുവൈത്ത് അറിയിച്ചു.

ഗസ്സ പുനർനിർമാണ ഫണ്ടിലേക്ക് കുവൈത്ത് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ചേർന്ന് ഇതുവരെ ഏഴ് ബില്യൺ ഡോളർ സമാഹരിച്ചതായി ഡൊണാൾഡ് ട്രംപ് അറിയിച്ചു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും ഇതിൽ പങ്കാളികളാണ്. കൂടാതെ, സമാധാന ബോർഡിലേക്ക് അമേരിക്ക 10 ബില്യൺ ഡോളറും ഐക്യരാഷ്ട്രസഭ 2 ബില്യൺ ഡോളറും സംഭാവന ചെയ്യും. ഗസ്സയിലെ സ്പോർട്സ് മേഖലയുടെ വികസനത്തിനായി ഫിഫ 75 മില്യൺ ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയുടെ പൂർണ്ണമായ പുനർനിർമ്മാണത്തിന് ഏകദേശം 70 ബില്യൺ ഡോളറിലധികം ചിലവ് വരുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.