വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് ചെയ്ത യൂട്യൂബർക്ക് ചുട്ട മറുപടി നൽകി നടി ഗൗരി കിഷൻ. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം നേരെ തിരിയുകയായിരുന്നു. 

തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സംഭവം. ചോദ്യം തന്നെ മണ്ടത്തരമാണെന്നും യൂട്യൂബർ മാപ്പു പറയണമെന്നുമാണ് താരം ആവശ്യപ്പെട്ടത്. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് പോകുകയായിരുന്നു. ഗൗരിയ്ക്ക് നേരെ യൂട്യൂബർ അടക്കമുള്ളവർ വലിയ ശബ്ദം ഉയർത്തിയെങ്കിലും സംവിധായകനും നായകനും പിന്തുണ നൽകിയതുമില്ല.