ന്യൂഡൽഹി: ഡൽഹിയിലെ സംഗം വിഹാർ മേഖല കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന നിയമവിരുദ്ധ എൽപിജി മാഫിയയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി. റെയ്ഡിൽ 183 ഗ്യാസ് സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തു. ഗ്യാസ് ഏജൻസികളിലെ ഡെലിവറി ഏജന്റുമാരായി ജോലി ചെയ്യുന്നവരാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഷേർ സിംഗ്, സൂരജ് പരിഹാർ, രഘു രാജ് സിംഗ്, ജിതേന്ദർ എന്നിവരാണ് പിടിയിലായ ഡെലിവറി ഏജന്റുമാർ. പ്രതികളുടെ ഗോഡൗണുകളിൽ നിന്നായി 154 നിറഞ്ഞ സിലിണ്ടറുകളും 29 ഒഴിഞ്ഞ സിലിണ്ടറുകളും ഉൾപ്പെടെ ആകെ 183 എണ്ണമാണ് പോലീസ് കണ്ടെടുത്തത്.
ഉപഭോക്താക്കൾക്ക് നൽകേണ്ട സിലിണ്ടറുകൾ മറിച്ചുവിറ്റും, സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി ചെറിയ സിലിണ്ടറുകളിൽ നിറച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തിയുമാണ് ഇവർ ലാഭമുണ്ടാക്കിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം നേരിടുമെന്ന വാർത്തകൾക്കിടെ, സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് വൻ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് വ്യക്തമാക്കി.



