ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പത്തോളം പേർക്ക് പരിക്കേറ്റു. തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകൾക്കിടെ രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ വാക്കുതർക്കവും തുടർന്ന് സംഘർഷവും ഉണ്ടാകുകയായിരുന്നു. തൃക്കുന്നപ്പുഴ സ്വദേശിയായ വിഷ്ണു എന്നയാൾ എതിർസംഘത്തിന് നേരെ റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തിയതോടെയാണ് സംഘർഷമുണ്ടായത്.
തോക്ക് ചൂണ്ടിയതോടെ പ്രകോപിതരായ എതിർസംഘം വിഷ്ണുവിനെ പട്ടിക കഷ്ണം ഉപയോഗിച്ച് തലയ്ക്കടിക്കുകയും തുടർന്ന് ഇരുവിഭാഗവും തമ്മിൽ കല്ലും വടിയും ഉപയോഗിച്ച് വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാകുയുമായിരുന്നു. സംഘർഷത്തിൽ വിഷ്ണു ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്ഥലത്തെത്തിയ തൃക്കുന്നപ്പുഴ പോലീസ് സംഘർഷം നിയന്ത്രിക്കുകയും വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉത്സവപ്പറമ്പിലുണ്ടായ ഈ അക്രമാസക്തമായ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.



