പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം തീവ്രശ്രമം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം സി.എസ്. സുജാത സുധാകരനെ വീട്ടിലെത്തി കണ്ട് കൂടിക്കാഴ്ച നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കറും സുജാതയ്ക്കൊപ്പമുണ്ടായിരുന്നു. സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പരിഹസിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
അനുനയ നീക്കങ്ങളുടെ ഭാഗമായി നാളെ നടക്കുന്ന പെരുമ്പളം പാലം ഉദ്ഘാടനച്ചടങ്ങിൽ ജി. സുധാകരനെ മുഖ്യാതിഥിയായി ക്ഷണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന്റെ പുതുക്കിയ നോട്ടീസിൽ സുധാകരന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവരും പങ്കെടുക്കും. നേരത്തെ പി.ആർ.ഡി പുറത്തിറക്കിയ നോട്ടീസിൽ സുധാകരന്റെ പേര് ഉണ്ടായിരുന്നില്ലെങ്കിലും ഇന്നലെ രാത്രിയോടെയാണ് പുതിയ നോട്ടീസ് തയ്യാറാക്കിയത്.
ജില്ലയിലെ പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ തന്നെ മനഃപൂർവം അവഗണിക്കുന്നു എന്ന പരാതി സുധാകരനുണ്ടായിരുന്നു. തോട്ടപ്പള്ളി പാലം, മുപ്പാലം എന്നിവയുടെ ഉദ്ഘാടന വേളയിലും സമാനമായ രീതിയിൽ അവഗണന നേരിട്ടതോടെയാണ് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സുധാകരനെപ്പോലൊരു മുതിർന്ന നേതാവ് അകന്നുനിൽക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് നേതൃത്വത്തിന്റെ ഈ തിടുക്കത്തിലുള്ള നീക്കം.



