തിരുവനന്തപുരം: പയ്യന്നൂരിനു പുറമെ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഫണ്ട് തട്ടിപ്പ് നടത്തിയതിന് പാർട്ടി തരംതാഴ്ത്തിയ നേതാവിന് ഉന്നത പദവി നൽകിയതിനെതിരേ രക്തസാക്ഷിയുടെ സഹോദരൻ രംഗത്തെത്തി.
സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി പിരിച്ച രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് വിഷ്ണുവിന്റെ സഹോദരനും സിപിഎം പ്രവർത്തകനുമായ വിനോദ് ആരോപിക്കുന്നത്.
2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. പ്രദേശവാസികളായ ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി ഫണ്ട് പിരിക്കാൻ തീരുമാനിച്ചിരുന്നു. തങ്ങൾക്ക് അതിനോട് താത്പര്യമില്ലായിരുന്നുവെന്നും മുതിർന്ന നേതാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് സമ്മതിക്കുകയായിരുന്നുവെന്ന് വിനോദ് വ്യക്തമാക്കി.
പത്തുലക്ഷം രൂപ പിരിച്ചു. സഹകരണ ബാങ്കിലാണ് പണം നിക്ഷേപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ മാതാവിന് നൽകിയിരുന്നു. ബാക്കി അഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ എടുക്കുകയായിരുന്നു.



