രാജ്യത്ത് ഇന്ധന വില കൂട്ടിയതിനെതിരെ കോൺഗ്രസ്. സർക്കാരിന്റെ വീഴ്ച ജനങ്ങളുടെ മേൽ കെട്ടിവെയ്ക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പെട്രോളിനും ഡീസലിനും 3.04 രൂപ വീതമാണ് കൂട്ടിയത്. വില വർധനവിന് പിന്നാലെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.78 രൂപയും ഡീസലിന് ലിറ്ററിന് 97.67 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.75 രൂപയായി ഉയർന്നു. കോട്ടയത്ത് പെട്രോള്‍ ലിറ്ററിന് 109.28 രൂപയും ഡീസല്‍ 98.14 രൂപയുമായി. മെയ് 15ന് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ലിറ്ററിന് 5 രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, ലിറ്ററിന് 3 രൂപ വർധിപ്പിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്.
നാല് വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സിഎൻജി വിലയും വർധിപ്പിച്ചിട്ടുണ്ട്. 2 രൂപയാണ് സിഎൻജി വില വർധിപ്പിച്ചത്.



