അജ്മേർ: ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനായുള്ള സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമായി. 14 വയസ്സുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ ബൃഹത്തായ പദ്ധതി പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ക്യാമ്പയിന്റെ ഭാഗമാണ്.
14 വയസ് പൂർത്തിയായതും എന്നാൽ 15 വയസ്സ് തികയാത്തതുമായ പെൺകുട്ടികൾക്ക് ഈ വാക്സിൻ സൗജന്യമായി ലഭിക്കും. സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന പ്രധാന വൈറസുകൾക്കെതിരെ ഫലപ്രദമായ ‘ഗാർഡാസിൽ 4’ വാക്സിനാണ് നൽകുന്നത്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഒരു ഡോസ് വാക്സിൻ മാത്രമാണ് നൽകുന്നത്. ഇത് മികച്ച പ്രതിരോധശേഷി നൽകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
എല്ലാ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിൻ ലഭ്യമാണ്. ആദ്യ മൂന്ന് മാസം തീവ്രയത്ന പരിപാടിയായിട്ടാണ് വാക്സിനേഷൻ നടക്കുന്നത്. അതിനുശേഷം ഇത് കുട്ടികൾക്കുള്ള സാധാരണ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഉൾപ്പെടുത്തും.
സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗർഭാശയഗള ക്യാൻസർ. ചെറിയ പ്രായത്തിൽ തന്നെ വാക്സിൻ നൽകുന്നതിലൂടെ മുതിർന്ന പ്രായത്തിൽ ഈ ക്യാൻസർ വരാനുള്ള സാധ്യത 90 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും. അർഹരായ പെൺകുട്ടികളുടെ രക്ഷിതാക്കൾ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.



