ലക്നോ: ഉത്തർപ്രദേശിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ. ലക്നോവിലെ ചൗക് പ്രദേശത്താണ് സംഭവം. അർണവ് ആണ് മരിച്ചത്.
കുട്ടിയുടെ മുത്തശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെഹ്റു യുവ കേന്ദ്രത്തിന് സമീപത്തു നിന്നാണ് പ്രതികളായ ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 12നാണ് സംഭവം. ഭീഷ്മ അറിയിച്ചതനുസരിച്ച് ഉന്നാവോയിൽ നിന്നെത്തിയ മുത്തശി സുധ കശ്യപ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലുടനീളം നിരവധി മുറിവുകളും ചതവുകളും കണ്ടെത്തി. കാലുകളിൽ പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു.
സ്വത്തിനോടുള്ള അത്യാഗ്രഹം മൂലമാണ് ഭീഷ്മയും രാഗിണിയും കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തശി പരാതിയിൽ ആരോപിച്ചു. ചൗക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചത്.



