മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെ വിമർശനവുമായി പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി (Pakistan Tehreek-e-Insaf (PTI) ). ഈ നടപടി അദ്ദേഹത്തിന്റെ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാണെന്നും പാർട്ടി പ്രസ്താവിച്ചു.
73കാരനായ ഇമ്രാൻ ഖാനെ മാറ്റുന്നതിനെ കുറിച്ച് കുടുംബാംഗങ്ങളെ പോലും അറിയിച്ചിട്ടില്ല. വിഷയത്തിൽ തങ്ങൾക്ക് ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ ചികിത്സ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട പാർട്ടി, ഏതൊരു പരിശോധനയോ ചികിത്സയോ അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർമാരുടെയും കുടുംബാംഗങ്ങളിൽ ഒരാളുടെയെങ്കിലും സാന്നിധ്യത്തിൽ മാത്രമേ നടക്കാൻ പാടുള്ളൂ എന്നും നിർബന്ധം പിടിച്ചു.



