ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ദീർഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതി വിധി . നായനാർ സർക്കാരിന്റെ കാലത്ത് വനം വകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരേ കേസെടുത്തത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചിരുന്നു.
വിചാരണക്കോടതി കേസിൽ നീലലോഹിതദാസൻ നാടാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പരാതിക്കാരിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.പരാതി നൽകുന്നതിൽ ഉണ്ടായ കാലതാമസം, പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യം എന്നിവ കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ വിധി. 1999ൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് ഉന്നത ഉദ്യോഗസ്ഥയെ അതിക്രമിച്ചുവെന്നാണ് പരാതി.



