കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ പ്രവചിച്ച് കൊട്ടാരക്കര മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ പി. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ലോക്ഭവന് മുന്നിൽ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമര വേദിയിലെത്തിയാണ് അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊന്നാടയണിയിച്ച് അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ഐഷാ പോറ്റിയുടെ ഈ നിർണ്ണായക നീക്കം.
കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് 2006, 2011, 2016 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ സിപിഎം ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഐഷാ പോറ്റി മണ്ഡലത്തിലെ ജനപ്രിയ നേതാക്കളിൽ ഒരാളാണ്. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് സീറ്റ് നൽകിയിരുന്നില്ല.



