ബിജെപിയുടെ വി.വി രാജേഷ് തിരുവനന്തപുരം മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നിർണ്ണായക വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനെത്തുടർന്നാണ് താൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ശ്രീലേഖ പറഞ്ഞു.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഓഫർ ആദ്യം താൻ നിരസിച്ചിരുന്നുവെന്നും എന്നാൽ മേയർ സ്ഥാനം നൽകാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അവർ വെളിപ്പെടുത്തി.
“ഞാൻ പാർട്ടിയിൽ ഒരു പുതുമുഖമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അകാലത്തിലുള്ള തീരുമാനമാകുമെന്ന് ഞാൻ കരുതി. അതുകൊണ്ട് തന്നെ ആദ്യം ഞാൻ വിസമ്മതിച്ചു. എന്നാൽ മൂന്നാമത്തെ തവണ അവർ എന്നെ സമീപിച്ചപ്പോൾ, ഇത് വെറുമൊരു കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കാനല്ല, മറിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ പാർട്ടിയുടെ മുഖമായിട്ടാണ് എന്ന് അവർ പറഞ്ഞു. ഇത്തവണ നമുക്ക് വിജയിക്കണം, ഇതൊരു സുവർണ്ണാവസരമാണ്, നിങ്ങളെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം എന്ന് അവർ പറഞ്ഞു. ആ കാരണത്താലാണ് ഞാൻ അത് സ്വീകരിച്ചത്,” ശ്രീലേഖ പറഞ്ഞു.



