മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ഇർഫാൻ പത്താൻ തൻ്റെ കരിയറിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. 2009-ൽ ടീമിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ അന്നത്തെ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. 2009-ലെ ശ്രീലങ്കൻ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ന്യൂസിലാൻഡ് പര്യടനത്തിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ലെന്നും പത്താൻ പറഞ്ഞു.

ലല്ലൻടോപ്പ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇർഫാൻ പത്താൻ ഇത് വെളിപ്പെടുത്തിയത്. ടീമിൽ നിന്ന് പുറത്തിരിക്കാനുള്ള കാരണം അന്നത്തെ പരിശീലകൻ ഗാരി കേർസ്റ്റനോട് ചോദിച്ചിരുന്നു. അതിന് അദ്ദേഹം രണ്ട് കാരണങ്ങൾ പറഞ്ഞുവെന്ന് പത്താൻ വ്യക്തമാക്കി. ഒന്നാമതായി, ചില കാര്യങ്ങൾ തൻ്റെ കൈയ്യിലായിരുന്നില്ലെന്നും, രണ്ടാമതായി, ബാറ്റിംഗ് ഓൾറൗണ്ടറെയാണ് ടീം ആഗ്രഹിക്കുന്നതെന്നും ഗാരി കേർസ്റ്റൻ പറഞ്ഞുവെന്ന് ഇർഫാൻ പറഞ്ഞു. ആ സ്ഥാനം തൻ്റെ സഹോദരൻ യൂസഫ് പത്താന് ലഭിച്ചപ്പോൾ, താൻ ഒരു ബോളിംഗ് ഓൾറൗണ്ടറായിരുന്നുവെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

“ഇതൊക്കെ ആരുടെ കൈയ്യിലാണെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷേ അത് ആരുടെ കൈയ്യിലാണെന്ന് എനിക്ക് അറിയാമായിരുന്നു. കളിക്കാനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് നായകനാണ്. അത് നായകൻ്റെയും പരിശീലകൻ്റെയും മാനേജ്‌മെൻ്റിൻ്റെയും തീരുമാനമാണ്. ആ സമയത്ത് ധോണിയായിരുന്നു നായകൻ. ആ തീരുമാനം ശരിയായിരുന്നോ തെറ്റായിരുന്നോ എന്നൊന്നും ഞാൻ പറയില്ല, കാരണം എല്ലാ നായകനും തൻ്റെ ഇഷ്ടത്തിനനുസരിച്ച് ടീമിനെ നയിക്കാൻ അവകാശമുണ്ട്,” ഇർഫാൻ പത്താൻ പറഞ്ഞു.