പുതുക്കാട് (തൃശൂർ): ചിമ്മിനി ഉള്‍ക്കാട്ടില്‍ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണന്റെ മകൻ കുമാര്‍ (42) ആണു മരിച്ചത്.
ഇന്നലെ രാവിലെ മംഗലം ഡാമിന്റെയും ചിമ്മിനി ഡാമിന്റെയും അതിര്‍ത്തിപ്രദേശമായ ഒളകരയിലായിരുന്നു സംഭവം. ഫയര്‍ലൈന്‍ ജോലിക്കായി പോയ ആറംഗസംഘത്തിനുനേരേയാണ് പിടിയാനയുടെ ആക്രമണമുണ്ടായത്.
ആനയുടെ മുന്നില്‍ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിനുശേഷം മറ്റുള്ള വർ തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയില്‍ കുമാറിനെ കണ്ടത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിന്നി, ശ്രീജിത്ത്, വാച്ചര്‍മാരായ ഫാരിസ്, വിബിന്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് കുമാറിനെ കാടിനു പുറത്തെത്തിച്ചത്. വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വരന്തരപ്പിള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
കുമാർ പത്തുവര്‍ഷത്തിലധികമായി താത്കാലിക വാച്ചറായി ജോലിചെയ്യുകയാണ്. അവിവാഹിതനാണ്.
അമ്മ: അമ്മാളു. സഹോദരങ്ങള്‍: സരുമണി, സൗമ്യ, പരേതനായ സാബു. സംസ്കാരം ഇന്നു രാവിലെ 11ന് എച്ചിപ്പാറ ഉന്നതി ശ്മശാനത്തില്‍.



