മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശപര്യടനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഒക്ടോബർ 16 മുതൽ നവംബർ 9 വരെ ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യാത്രയ്ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. അനുമതി തള്ളിയതിന്റെ കാരണം എന്താണെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല.
ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 16-ന് ബഹ്റൈൻ, ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 24, 25 ദിവസങ്ങളിൽ ഒമാനിലെ മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളിൽ പങ്കെടുക്കാനും ഒക്ടോബർ 30-ന് ഖത്തറിലും നവംബർ ഏഴിന് കുവൈത്ത്, നവംബർ ഒൻപതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദർശനം തീരുമാനിച്ചിരുന്നത്.