സോഷ്യൽ മീഡിയ കണ്ടന്റിനായി അതിമാരക വിഷമുള്ള ഞണ്ടിനെ ഭക്ഷിച്ച ഫിലിപ്പീൻസിലെ പ്രശസ്ത ഫുഡ് വ്‌ളോഗർക്ക് ദാരുണാന്ത്യം. 51-കാരിയായ എമ്മ അമിത് ആണ് ‘ഡെവിൾ ക്രാബ്’ എന്നറിയപ്പെടുന്ന മാരക വിഷമുള്ള ഞണ്ടിനെ കഴിച്ചതിനെത്തുടർന്ന് മരിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2026 ഫെബ്രുവരി ആറിനായിരുന്നു എമ്മയുടെ മരണം.

ഫെബ്രുവരി നാലിന് ഫിലിപ്പീൻസിലെ പലാവനിലുള്ള പ്യൂർട്ടോ പ്രിൻസെസയ്ക്ക് സമീപമുള്ള കണ്ടൽക്കാടുകളിൽ നിന്നാണ് എമ്മയും സുഹൃത്തുക്കളും ഈ ഞണ്ടുകളെ പിടികൂടിയത്. തുടർന്ന് ഞണ്ടിനെ തേങ്ങാപ്പാലിൽ പാകം ചെയ്യുന്നതും അത് കഴിക്കുന്നതും ഇവർ ടിക്ടോക്കിലും ഫേസ്ബുക്കിലും ലൈവായി ചിത്രീകരിച്ചിരുന്നു. മനോഹരമായ നിറങ്ങളുള്ള ഈ ഞണ്ടുകൾ കാഴ്ചയിൽ ആകർഷകമാണെങ്കിലും ഉള്ളിൽ മാരകമായ വിഷമുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഭക്ഷണം കഴിച്ച് അടുത്ത ദിവസം തന്നെ എമ്മയുടെ ആരോഗ്യനില വഷളായി. ഞണ്ടിലെ വിഷം ശരീരത്തിൽ പടർന്നതോടെ എമ്മ അബോധാവസ്ഥയിലായി. ചുണ്ടുകൾ നീലനിറമാകുകയും ശരീരം വിറയ്ക്കുകയും ചെയ്തതോടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തോളം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫെബ്രുവരി ആറിന് മരണം സംഭവിക്കുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ‘ഡെവിൾ ക്രാബു’കളുടെ അവശിഷ്ടങ്ങൾ അധികൃതർ കണ്ടെത്തിയത്.

പരിചയസമ്പന്നരായ മീൻപിടുത്തക്കാർ പോലും ഇത്തരമൊരു അബദ്ധത്തിൽ ചാടിയത് തങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് ലൂസ്വിമിൻഡ വില്ലേജ് ചീഫ് ലാഡി ഗെമാങ് പറയുന്നത്. കടൽത്തീരത്ത് താമസിക്കുന്നവർക്ക് ഈ ഞണ്ടിന്റെ അപകടത്തെക്കുറിച്ച് അറിവുണ്ടാകേണ്ടതാണെന്നും എമ്മ എന്തിനാണ് ഇത് കഴിക്കാൻ തുനിഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്യൂർട്ടോ പ്രിൻസെസയിലെ താമസക്കാർക്ക് ഇത്തരത്തിലുള്ള ഞണ്ടുകളെ ഒഴിവാക്കാൻ അദ്ദേഹം കർശന നിർദ്ദേശം നൽകി. ഇതിനോടകം രണ്ട് ജീവനുകൾ ഈ ഞണ്ടുകൾ കവർന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പസഫിക് സമുദ്ര മേഖലയിലെ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്ന ഈ ഞണ്ടുകളിൽ സാക്സിടോക്സിൻ (Saxitoxin), ടെട്രോഡോട്ടോക്സിൻ (Tetrodotoxin) തുടങ്ങിയ മാരകമായ ന്യൂറോടോക്സിനുകൾ അടങ്ങിയിട്ടുണ്ട്. ഫുഗു മത്സ്യം അഥവാ പേപ്പച്ചി മീനുകളിൽ കാണപ്പെടുന്ന അതേ വിഷമാണിത്. പാകം ചെയ്താലും ഈ വിഷം നശിക്കില്ല എന്നതാണ് ഏറ്റവും വലിയ അപകടം. ഇത് ശരീരത്തിലെത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ പക്ഷാഘാതം സംഭവിക്കാനും മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.