ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോരിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 200 ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. 1,200 ലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഭക്ഷണം കഴിച്ച് അൽപസമയത്തിനുശേഷം വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പിൽ നിന്നും കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും സജ്ജമാക്കി. തിരക്ക് നിയന്ത്രിക്കാൻ രണ്ട് വാർഡുകളിലായാണ് രോഗികളെ കിടത്തിയിരിക്കുന്നത്.
50 ലധികം പേർ പ്രഥാമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. പ്രായമായവരെയാണ് കൂടുതലും ഗുരുതരമായി ബാധിച്ചതെങ്കിലും എല്ലാവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചുവരികയാണ്.



