ബിഹാറിലെ മധേപുര ജില്ലയിൽ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 70-ലധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധേപുര സദർ ബ്ലോക്കിന് കീഴിലുള്ള സ്കൂളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
സംഭവം ഇങ്ങനെ
സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഭൂരിഭാഗം കുട്ടികൾക്കും തുടർച്ചയായി ഛർദ്ദി, വയറുവേദന, തലകറക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഉടൻ തന്നെ കുട്ടികളെ ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി മധേപുര സദർ ആശുപത്രിയിൽ എത്തിച്ചു.
ഭക്ഷണത്തിൽ പല്ലി വീണതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു എൻജിഒ വഴിയാണ് സ്കൂളിലേക്ക് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗം കുട്ടികളുടെയും നില നിലവിൽ തൃപ്തികരമാണ്. എന്നാൽ, ഒരു പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ രോഷാകുലരായ രക്ഷിതാക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. കുട്ടികളുടെ ജീവൻ വെച്ച് കളിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വിവരമറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) സഞ്ജയ് കുമാർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീഴ്ച വരുത്തിയ എൻജിഒയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാലേ വിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.



