കാന്താര സിനിമയിലെ ദൈവീക രൂപത്തെ പരിഹസിച്ചുവെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ ബംഗളൂരുവിൽ പോലീസ് കേസെടുത്തു. തീരദേശ കർണാടകയിലെ പവിത്രമായ ചാവുണ്ടി ദൈവത്തെ ‘പെൺപ്രേതം’ എന്ന് വിളിച്ച് അപമാനിക്കുകയും മോശമായ രീതിയിൽ അനുകരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഹൈഗ്രൗണ്ട്സ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
2025 നവംബർ 28-ന് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) സമാപന ചടങ്ങിലാണ് വിവാദമായ സംഭവം നടന്നത്. വേദിയിൽ കാന്താര: ചാപ്റ്റർ 1 എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ രൺവീർ സിംഗ് സിനിമയിലെ ദൈവീക ഭാവങ്ങളെ ഹാസ്യാത്മകമായി അനുകരിക്കുകയായിരുന്നു. ചാവുണ്ടി ദൈവത്തെ ഒരു ‘പെൺപ്രേതം’ എന്ന് വിശേഷിപ്പിക്കുകയും അത്തരം പ്രകടനങ്ങൾ ചെയ്യരുതെന്ന ഋഷഭ് ഷെട്ടിയുടെ അഭ്യർത്ഥന താരം നിരസിച്ചതായും പരാതിയിൽ പറയുന്നു.



