പ്രശസ്ത ചലച്ചിത്ര സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്ക് പുറത്ത് അജ്ഞാതർ വെടിയുതിർത്തതിനെ തുടർന്ന് മുംബൈ പോലീസ് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെടിവെപ്പുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിന്റെ (FIR) വിവരങ്ങൾ ഇന്ത്യ ടുഡേ ടി.വിക്ക് ലഭിച്ചു. രോഹിത് ഷെട്ടി താമസിക്കുന്ന കെട്ടിടത്തിന് നേരെ തോക്കുധാരി നിരവധി തവണ വെടിയുതിർത്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അംഗരക്ഷകനായ 31 കാരനായ സ്വപ്‌നിൽ സലുങ്കെയാണ് പരാതി നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി, വെടിവെപ്പ് നടത്തിയയാൾക്ക് സഹായം നൽകുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുചക്ര വാഹനം ഏർപ്പാടാക്കി നൽകുകയും ചെയ്ത നാലു പേരെ മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോർഷൻ സെൽ തിങ്കളാഴ്ച വൈകുന്നേരം പൂനെയിൽ നിന്ന് പിടികൂടി. ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ശുഭം ലോങ്കറാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ വെടിവെച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം നടന്നത് ഇങ്ങനെ
ഞായറാഴ്ച പുലർച്ചെ 12.45-ഓടെ ഷെട്ടി ടവേഴ്‌സിന്റെ ലോബിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ പടക്കം പൊട്ടുന്നതിന് സമാനമായ ശബ്ദം കേട്ടതായി സാലുങ്കെ പോലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ കറുത്ത ജാക്കറ്റും വെള്ള പാന്റും ധരിച്ച ഒരു അജ്ഞാതൻ റോഡ് നമ്പർ 10 ലെ കോമ്പൗണ്ട് മതിലിന് സമീപം നിന്ന് പിസ്റ്റൾ ഉപയോഗിച്ച് കെട്ടിടത്തിന് നേരെ വെടിയുതിർക്കുന്നത് കണ്ടു.
അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷമാണ് അക്രമി പുഷ്പ പാർക്കിലേക്ക് ഓടി രക്ഷപ്പെട്ടത്. മറ്റൊരു അംഗരക്ഷകനായ വഹീദ് മാലിക്കും ഗേറ്റിൽ നിലയുറപ്പിച്ചിരുന്ന ഒരു സുരക്ഷാ ജീവനക്കാരനും പിന്നാലെ ഓടിയെങ്കിലും വെടിയുതിർത്തയാളെ പിടികൂടാൻ കഴിഞ്ഞില്ല. ഷെട്ടിയുടെ പോലീസ് അംഗരക്ഷകനായ ആശിഷ് റാണെ ഉടൻ തന്നെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
സംവിധായകനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വെടിവെപ്പ് നടത്തിയതെന്നാണ് പരാതിക്കാരൻ വിശ്വസിക്കുന്നത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് സംഘം പരിശോധിക്കുകയും പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വഴി കണ്ടെത്തുകയും ചെയ്യുന്നുണ്ട്. സംഭവത്തെ തുടർന്ന് രോഹിത് ഷെട്ടിയുടെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



