തലശേരി: കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ നഗരത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ എട്ടംഗസംഘം പീഡിപ്പിച്ചു. പീഡനത്തിനിരയായ പെൺകുട്ടി നഗരമധ്യത്തിൽ കൈ ഞരന്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. നഗ്നചിത്രങ്ങൾ എടുത്ത ശേഷം ഭീഷണിപ്പെടുത്തി തന്റെ സുഹൃത്തുക്കൾക്കും പെൺകുട്ടിയെ കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മാളിൽവച്ച് പരിചയപ്പെട്ട് പ്രണയത്തിലായ പത്തൊന്പതുകാരനാണ് പെൺകുട്ടിയെ പീഡിപ്പിക്കുകയും സൃഹുത്തുക്കൾക്ക് കൈമാറുകയും ചെയ്തത്. മാഹി, കണ്ണൂർ, പയ്യാമ്പലം എന്നീ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നഗരമധ്യത്തിൽ കൈഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി ഡോക്ടർക്ക് നൽകിയ മൊഴിയിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.



