ഫിഫ (FIFA) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് വാൻകൂവർ സന്ദർശനത്തിനിടെ പ്രത്യേക പോലീസ് എസ്കോർട്ടും ട്രാഫിക് നിയന്ത്രണങ്ങളോടും കൂടിയ സുരക്ഷയും നൽകണമെന്ന ആവശ്യം കാനഡയിലെ വാൻകൂവർ പോലീസ് ഡിപ്പാർട്ട്മെന്റ് തള്ളി. ലോകകപ്പ് ഫുട്ബോൾ വേദികളിലൊന്നായ വാൻകൂവറിൽ ഫിഫ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ട്രാഫിക് തടഞ്ഞുകൊണ്ടുള്ള ഔദ്യോഗിക മോട്ടോർകേഡ് സുരക്ഷാ സംവിധാനങ്ങൾ രാഷ്ട്രത്തലവന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിൽ സംരക്ഷണം നൽകേണ്ട വിശിഷ്ട വ്യക്തികളുടെ മാനദണ്ഡങ്ങളിൽ ഫിഫ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടുന്നില്ലെന്ന് ഡെപ്യൂട്ടി ചീഫ് ഡോൺ ചാപ്മാൻ പ്രസ്താവനയിൽ അറിയിച്ചു. അതിനാൽ റോഡുകൾ അടച്ചിടാനോ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള യാത്രയ്ക്കോ അനുമതി നൽകാനാവില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഫിഫ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2026-ലെ ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന 16 നഗരങ്ങളിൽ ഒന്നാണ് വാൻകൂവർ. ലോകകപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി ഫിഫ കോൺഗ്രസ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ഈ നടപടി. ഇതിനിടെ, ലോകകപ്പിലെ യെല്ലോ കാർഡ് നിയമങ്ങളിൽ മാറ്റം വരുത്താനും, ടീമുകൾക്കുള്ള സമ്മാനത്തുക വർദ്ധിപ്പിക്കാനും, അഫ്ഗാനിസ്ഥാനിലെ വനിതാ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചുവരാൻ അനുമതി നൽകാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്.



