കോഴിക്കോട്: കോൺവെന്റ് റോഡിൽ ആറ് മാസം വളര്‍ച്ചയുള്ള ആണ്‍കുഞ്ഞിന്‍റെ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോൺവെന്‍റ് റോഡിലെ ആരാധനാലയത്തിന്‍റെ കോമ്പൗണ്ടിലാണ് ആറ് മാസം വളർച്ചയെത്തിയ, ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തീർഥാടക സംഘത്തിൽപെട്ട കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഫ്രാങ്കോ എന്ന സ്ത്രീയുടെ കുഞ്ഞാണിതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഈ ഭ്രൂണം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിച്ചു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീർഥാടക സംഘത്തിന്‍റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
യുവതി വിവാഹിതയും ഒന്നരവയസുള്ള കുട്ടിയുമുള്ളയാളാണെന്ന് പോലീസ് പറയുന്നു. പെട്ടെന്ന് പ്രസവ വേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. യുവതി ചികിത്സയിലാണുള്ളത്.



